Saturday, May 23, 2015

സിന്ധുനദിതട സംസ്കാരവും അതിന്റെ സവിശേഷതകളും

പുരാതന മോഹന്‍ ജോദാരോ 
ഭുമിയിൽ ഇന്നുവരെ കണ്ടെത്തിയിട്ടുള്ള നാലു പൂരാതന നാഗരിക സംസ്കാരങ്ങളിൽ(ഈജിപ്ഷ്യൻ, മെസപൊട്ടോമിയൻ,ഇന്ത്യൻ,ചൈനീസ്‌) എറ്റവും ആസുത്രിതവും, വിശാലമേറിയതുമായിരുന്നു സിന്ധുനദിതട സംസ്ക്കാരം അഥവാ ഹാരപ്പൻ സംസ്കാരം.ഇന്നത്തെ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിലായി പടർന്നു പന്തലിച്ചിരുന്ന നാഗരീക സംസ്കാരമായിരുന്നു അത്‌.ബി സി 3500 മുതൽ 1700 വരെയായിരുന്നു മഹത്തയ ഈ നാഗരിക സംസ്കൃതിയുടെ കാലഘട്ടം.ഈ സംസ്കൃതി നിലവിലുണ്ടായിരുന്ന കാലഘട്ടത്തെ സാംസ്കാരികടിസ്ഥാനത്തിലും,അവരുപയോഗിച്ചിരുന്ന നിത്യോപയോഗ വസ്തുകളുടെ അടിസ്ഥാനത്തിലും പലതട്ടുകളായി വീണ്ടും വിഭജിച്ചിട്ടുണ്ട്‌.അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ വരും ലെഖാനങ്ങളിൽ വിസ്തരിച്ചു വിവരിക്കുന്നതാണു.
പുരാതന ധോളവീര
ഹാരപ്പൻ നഗരങ്ങൾ വളരെ ദീർഘവീക്ഷണത്തോടുകൂടി വ്യക്തമായ ആസുത്രണത്തോടെ രൂപകൽപ്പന ചെയ്തവയായിരുന്നു.ഹാരപ്പ, മോഹൻ ജൊദാരോ, ലോതൽ, ധൊളവീര, രാഖിഗാർഹി, ഗനേറിവാല എന്നിവയൊക്കെ അതിലെ പ്രധാനപെട്ടതാണു.കോട്ടകൾ, തുറമുഖങ്ങൾ, തടയണകൾ, ജലസേചന സംവിധാനങ്ങൾ, കാർഷികനിലങ്ങൾ, പൊതുകുളങ്ങൾ, കിണറുകൾ, വ്യവസായശാലകൾ, ആഭരണനിർമാണശാലകൾ, മൺകല നിർമ്മാണശാലകൾ, കച്ചവടകേന്ദ്രങ്ങൾ, കളപ്പുരകൾ, പാർപ്പിടസമുചയങ്ങൾ, കൃത്യമായി തരംതിരിച്ച തെരുവുകൾ, ജലനിർഗ്ഗമന സംവിധാനങ്ങൾ എന്നിവയൊക്കെ ഹാരപ്പൻ നഗരങ്ങളുടെ സവിശേഷതകളായിരുന്നു.ലോകത്തിലെ തന്നെ എറ്റവും പ്രാചിന തുറമുഖമായ ലോതലും, തടയണകളാൽ നിയന്ത്രിക്കപെട്ടിരുന്ന നഗരമായ ധൊളവീരയും, പാർപ്പിടങ്ങളിലടക്കമുള്ള ശൗചാലയങ്ങളും, ജലനിർഗ്ഗമന സംവിധാനങ്ങളുമൊക്കെ ഹാരപ്പൻ നഗരങ്ങളുടെ പ്രൗഢി വിളിച്ചോതുന്നു.മറ്റു പ്രാചീന സംസ്കൃതികളിൽ നിലവിലുണ്ടായിരുന്ന അടിമത്ത വ്യവസ്ഥിതിയുടെ യാതോരു സൂചനയും ഹാരപ്പൻ നഗരങ്ങളിൽ കാണുവാൻ സാധിച്ചിട്ടില്ല.ഇതിലൂടെ നമ്മുക്കു കാണുവാൻ സാധിക്കുന്നതു ഈ സംസ്കൃതിയുടെ ഔന്നത്യത്തിന്റെ മറ്റൊരു തലമാണു.മറ്റു പ്രാചീന സംസ്കൃതികളിൽ ഭരണവർഗ്ഗത്തിന്റെ പ്രൗഢി കാണിക്കുവാൻ വേണ്ടി കൂറ്റൻ കൊട്ടാരങ്ങളും, ശവകുടീരങ്ങളും, അടിമകളായ പൊതുജനങ്ങളുടെ ചോരയും വിരർപ്പുമുപയോഗിച്ചു പണിതുയർത്തപ്പോൾ ഹാരപ്പൻ പൊതുജനത ഉന്നതനിലവാരമുള്ള നാഗരീക സൗകര്യങ്ങളുടെ നടുവിൽ ജീവിതം ഉത്സവമാക്കുകയായിരുന്നു.ഭരണവർഗ്ഗവും പൊതുജനങ്ങളും എതാണ്ട്‌ തുല്യ നിലവാരത്തിൽ തന്നെ ജീവിച്ചു പോന്നു.ആ വൻനഗരങ്ങളേയും, അവിടത്തെ ജനതയേയും സ്വപ്നസമാനമായ രീതിയിലായിരുന്നു അന്നത്തെ ഭരണവർഗ്ഗം പരിപാലിച്ചിരുന്നത്‌.അതിനെകുറിച്ചൊക്കെയുള്ള കൂടുതൽ വിശദമായ ലേഖനം ഭാവിയിൽ വരുന്നതായിരിക്കും.ആ ജനത കഴിച്ചിരുന്ന ഭക്ഷണങ്ങൾ, ധരിച്ചിരുന്ന വേഷങ്ങൾ, ആഭരണങ്ങൾ, ഉപയോഗിച്ച നിത്യോപയോഗ വസ്തുക്കൾ എന്നിവയെ കുറിച്ചും വരും ലേഖനങ്ങളിൽ പരമർശ്ശിക്കുന്നതായിരിക്കും.
പുരാതന ലോതല്‍
 അടുത്ത ലേഖനം - ഹാരപ്പൻ ജനതയുടെ ജീവിതരീതികൾ

Wednesday, May 20, 2015

പ്രാചീന മഹാനഗരങ്ങളുടെ ശിൽപ്പികളാരു?

     സിന്ധുനദിതീരങ്ങളിൽ സഹസ്രാബ്ധങ്ങൾക്കു മുമ്പ്‌ ഉദിച്ചുയർന്ന മഹാനഗരങ്ങളുടെ ശിൽപ്പികളാരായിരുന്നു?കാലകാലങ്ങളായി ചരിത്ര ഗവേഷകർ ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾക്കായി ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്‌.ഇത്രയും ഉന്നതവും വിശാലവുമായ ഒരു സംസ്കൃതിക്കു പിന്നിൽ ഒരു സംഘം മനുഷ്യരുടെ സഹസ്രാബ്ദങ്ങളുടെ അധ്വാനം തീർച്ചയായുമുണ്ടാകുമെന്നു സകല ചരിത്രഗവേഷകരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.അങ്ങനെ വരുമ്പോൾ ഈ സംസ്കാരങ്ങളുടെ ആരംഭം എവിടെ നിന്നയിരുന്നു?എപ്പോഴായിരുന്നു?എങ്ങനെയായിരുന്നു?എന്നീ ചൊദ്യങ്ങൾ സ്വഭാവികമായും ചരിത്ര ഗവേഷകരുടെയിടയിലുയർന്നു.അതിനുള്ള ഉത്തരങ്ങൾക്കായുള്ള അന്വാഷണം ഒടുവിഎത്തിച്ചേർന്നതു നവീനശിലയുഗ കാലഘട്ടത്തിലേക്കാണു(Neolithic Age)ആദ്യാകാല കാർഷിക കൂട്ടയ്മയായ മെഹർഗാർഹ്‌(Mehrgarh) സംസ്ക്കാരത്തിലേക്കാണു ഈ അന്വഷണങ്ങൾ വഴിതെളിച്ചതു.
     മെഹർഗാർഹ്‌ സംസ്ക്കാരം ഭൂമിയിലെ തന്നെ ആദ്യ കാർഷിക കൂട്ടായ്മകളിലൊന്നായിരുന്നു.9000 വർഷം മുമ്പാണു ഈ സംസ്കൃതി പിറവിയെടുത്തിരിക്കുന്നതെന്നു ആ മെഖലകളിലെ ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു.വേട്ടയാടിയുള്ള ജീവിതത്തിൽ നിന്നും കാർഷികവൃത്തിയിലേക്കുള്ള മനുഷ്യന്റെ ആദ്യ ചുവടുവയ്പ്പുകൂടിയായിരുന്നു അതരം കൂട്ടായ്മകൾ.കൃഷി ചെയ്യുവാൻ തുടങ്ങിയ കാലം മുതലാണു മനുഷ്യർ ഒരു പ്രദേശത്തു തന്നെ സ്ഥിരവാസമാരംഭിക്കുന്നതു.അങ്ങനെ നോക്കുമ്പോൾ ആ കാലം വരെ നാടോടികളായി ജീവിച്ചിരുന്ന ഒരു കൂട്ടം ജനങ്ങളാണു മെഹർഗ്ഗാർഹ്‌ സംസ്കൃതിക്കു പിന്നിലെന്നു വായിച്ചെടുക്കാവുന്നതാണു.അതിനാൽ തന്നെ അവർ അർദ്ധ നാടോടികളായിരുന്നു.ഇന്നത്തെ കിഴക്കൻ ഇറാൻ, തെക്കൻ അഫ്ഗാനിസ്ഥാൻ, ബലൂചിസ്ഥാൻ എന്നിവിടങ്ങളായി വ്യാപിച്ചു കിടന്നിരുന്നതായിരുന്നു മെഹർഗാർഹ്‌ സംസ്കാരം.കൃഷിക്കനുയോജ്യമായ കാലനുസൃതമായ കുടിയെറ്റങ്ങൾ ആ അർദ്ധ നാടോടി ജനവിഭാഗങ്ങൾ നടത്തി കൊണ്ടേയിരുന്നു.ഗോതമ്പ്, ബാർലിയെന്നിവയായിരുന്നു അവരുടെ ആദ്യകാല കാർഷിക വിഭവങ്ങൾ.പശു, ആട്‌ ചെമ്മരിയാട്‌ എന്നീ മൃഗങ്ങളും അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു എന്നു വിവിധ പഠനങ്ങൾ രേഖപ്പെടുത്തുന്നു.കല്ലു കൊണ്ടുള്ള ആയുധങ്ങൾ, മണ്ണു കൊണ്ടുണ്ടാക്കിയ കൂരകൾ, മൺകലങ്ങൾ, ആഭരണങ്ങൾ എന്നിവയൊക്കെ മെഹർഗാർഹ്‌ സംസ്കൃതിയുടെ സവിശേഷതകളായിരുന്നു.


     ഇന്നത്തെ ഇറാനിൽ പിറവിയെടുത്ത നവീൻശിലയുഗ സംസ്കാരമായ മെഹർഗാർഹിലെ ജനങ്ങൾ സഹസ്രാബ്ദങ്ങൾ കൊണ്ടു കിഴ്ക്കോട്ടെക്കു നടത്തിയ കുടിയേറ്റങ്ങളാണു പിൽക്കാലത്തു വെങ്കലയുഗത്തിലെ(Bronze Age) ഹാരപ്പൻ സംസ്കൃതിയിലെത്തിചേർന്നത്‌.അതായതു 9000 വർഷങ്ങൾക്കു മുമ്പു വേട്ടയാടി നായാടി ജീവിച്ചിരുന്ന ജനങ്ങളായിരുന്നു 5500-3500 വർഷങ്ങളിൽ പടർന്നു പന്തലിച്ച സിന്ധുനദി സംസ്കാരത്തിന്റെ ശിൽപ്പികൾ.
     നാടോടികളായി വേട്ടയാടി ജീവിച്ചിരുന്ന ഒരു ജനവിഭാഗം 4000-5000 വർഷങ്ങൾ കൊണ്ടു നടത്തിയ സാംസ്ക്കാരിക മുന്നേറ്റങ്ങൾ അതിനു ശേഷം ക്ഷയിച്ചു പോയതെന്തുകൊണ്ടു?എന്തായിരുന്നു അല്ലെങ്കിൽ ആരായിരുന്നു അവരുടെ നാശത്തിനു വഴിവെച്ചതു?ദീർഘവീക്ഷണവും, അധ്വാനശീലരും സർവ്വോപരി സംസ്കാരസമ്പന്നരുമായ നമ്മുടെ ആ പൂർവികർക്കെന്തു സംഭവിച്ചു?ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ചരിത്ര വിശദീകരണങ്ങൾ നമ്മുടെയൊക്കെ പല പൊതുധാരണകളെയും, വിശ്വാസങ്ങളെയും പൊളിച്ചെഴുതാൻ മാത്രം പര്യപ്തമായവയാണു.അത്തരം ചരിത്ര സത്യങ്ങളിലേക്കുള്ള യാത്ര വരും ലേഖനങ്ങളിലായി തുടരുന്നതായിരിക്കും...
അടുത്തലേഖനം - സിന്ധുനദി സംസ്ക്കാരം ദ്രാവിഡന്മാരുടേതൊ?

Sunday, May 17, 2015

മണ്മറഞ്ഞ മഹാനഗരങ്ങൾ ഉയർത്തെഴുനേൽക്കുന്നു

     ഇന്ത്യയുടെ പ്രചീന ചരിത്ര ഗവേഷണങ്ങൾക്കു നാഴികകല്ലായി മാറിയതു ഹാരപ്പയ്ക്‌ സമീപം കണ്ടെത്തിയ പുരാതന മഹാനഗരമാണെന്നു ആദ്യ ലെഖനത്തിൽ സൂചിപ്പിച്ചിരുന്നല്ലൊ.ആയിരകണക്കു വർഷങ്ങൾക്കു മുമ്പ്‌ മണ്മറഞ്ഞു പോയ ആ പുരാതന നഗരം ലോകമെമ്പാടുമുള്ള ചരിത്രഗവേഷകർക്കു പുതിയ ഊർജ്ജവും ഉണർവും സമ്മനിച്ചു.സ്വദേശിയരും വിദേശിയരുമായ ധാരാളം ചരിത്ര ഗവേഷകർ സിന്ധു നദിയുടെ തീരങ്ങളിൽ ഉൽഘനനങ്ങളാരംഭിച്ചു.അതിന്റെ ഫലമായി 1931ൽ രാഖൽ ദാസ്‌ ബാനർജിയുടെയും,ഈ ജേ എച്ച്‌ മക്കയെയുടെയും,ജോൺ മാർഷലിന്റെയും നേതൃത്വത്തിൽ മറ്റൊരു പുരാതന വൻ നഗരവും ഉൽഖനനങ്ങളിലൂടെ കണ്ടെത്തി.പ്രാചീന യുഗത്തിലെ 'മെട്രൊപൊലിത്തൻ' എന്നു പാശ്ചാത്യർ വിശേഷിപ്പിക്കുന്ന മോഹൻ ജൊദാരൊയായിരുന്നു അതു.
     ഹാരപ്പയിലും മോഹൻ ജൊദാരയിലും കണ്ടെത്തിയ പുരാതന നഗരങ്ങൾ ചരിത്ര ഗവേഷകർക്കു അക്ഷരാർഥത്തിൽ നിധി കുംഭങ്ങളായിരുന്നു.ആ പ്രാചീന നഗരങ്ങളുടെ ശിൽപ്പികളാരു?എന്തായിരുന്നു അവരുടെ വരുമാന മാർഗ്ഗം?അവർ ആശയവിനിയം നടത്തിയിരുന്ന രീതിയെങ്ങനെയായിരുന്നു?തുടങ്ങി ധാരാളം ചോദ്യങ്ങൾ ചരിത്രഗവേഷകരുടെ മനസ്സുകളിൽ ഉന്നയിക്കപ്പെട്ടു.ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായുള്ള ഗവേഷണങ്ങൾ പലതും എത്തിചേർന്നതു വിപ്ലാവാത്മകമായ കണ്ടെത്തലുകളിലും വിവാദങ്ങളിലുമായിരുന്നു.

     5500-4000 വർഷങ്ങൾ പഴക്കമുള്ള ആ മഹാനഗരങ്ങളിൽ നിലവിലുണ്ടായിരുന്ന സൗകര്യങ്ങൾ ഏവരെയും ഞെട്ടിക്കാൻ പോന്നതായിരുന്നു.പൂർണ്ണമായും ആസുത്രണം ചെയ്തു നിർമ്മിക്കപെട്ടവയായിരുന്നു അവ.പാർപ്പിട സമുചയങ്ങൾ,വ്യവസായശാലകൾ,തെരുവുവീഥികൾ,പൊതു കുളങ്ങൾ,കളപ്പുരകൾ എന്നു വേണ്ട ഇന്നത്തെ ആധുനിക നഗരങ്ങളിൾ ലഭ്യമായ പല സംവിധാനങ്ങളും അടുക്കും ചിട്ടയോടും കൂടി കണ്ടെത്തുവാൻ സാധിച്ചു.പക്ഷെ ചരിത്ര ഗവേഷകരെ ശരിക്കും ഞെട്ടിച്ചതു ആ നഗരങ്ങളിൽ നിലവിലുണ്ടായിരുന്ന ഉന്നതനിലവാരം പുലർത്തുന്ന ഡ്രേയിനേജ്‌ സംവിധാനങ്ങളായിരുന്നു.ഓരൊ പാർപ്പിടങ്ങളുമായി ബന്ദിക്കപ്പെട്ടവയായിരുന്നു അവ.പാർപ്പിടങ്ങളിൽ ശൗചാലയങ്ങളടക്കമുണ്ടായിരുന്നു എന്നതു ഇന്നും 40% ജനങ്ങൾ ശുചിമുറികൾ ഉപയോഗിക്കാത്ത നമ്മുടെ രാജ്യത്തെ സംബന്ധിച്ചെടുത്തോളം അവിശ്വസിനീയമായ കാര്യം തന്നെയാണു!!!
     ഇത്രയും ഉന്നത നിലവാരം പുലർത്തിയിരുന്ന ആ നാഗരിക സംസ്കൃതികളുടെ ശിൽപ്പികൾ നമ്മുടെ തന്നെ പൂർവികരായിരുന്നോ?അങ്ങനെയെങ്കിൽ അവരുടെ പിന്മുറക്കാരായ നമ്മൾക്കു എങ്ങനെ ആ നിലവാരം നഷ്ടമായി?വളരെ ഉന്നതിയിൽ വിരാജിച്ചുരുന്ന ആ നഗരങ്ങൾ എങ്ങനെ മണ്മറഞ്ഞുപോയി?അത്യധികം നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന ഇത്തരം ചോദ്യങ്ങൾക്കു പലതിനും ഇന്നു ചരിത്രക്കാരന്മാർക്കു ഉത്തരങ്ങളുണ്ട്‌.വരും ലേഖനങ്ങളിൽ അതിൽ പലതും ചർച്ചചെയ്യുന്നതായിരിക്കും...
അടുത്ത ലേഖനം -പ്രാചീന മഹാനഗരങ്ങളുടെ ശിൽപ്പികളാരു?

ഇന്ത്യൻ ചരിത്ര പഠനങ്ങളിലെ വഴിത്തിരിവ്‌

     ഒന്നര നൂറ്റാണ്ടു മുമ്പു വരെ പ്രാചീന ഇന്ത്യയുടെ ചരിത്രം ലോകത്തിനു അജ്ഞാതമായിരുന്നു.ബുദ്ധമതം സ്ഥാപിക്കപെട്ടതിനു ശേഷമുള്ള ചരിത്രങ്ങൾ മാത്രമായിരുന്നു ഇന്ത്യയെ കുറിച്ചു വ്യക്തതയോടെ അന്നു വരെ ലോകത്തിനു മുന്നിലുണ്ടായിരുന്നതു.അലക്സാണ്ടർ ചക്രവർത്തിയുടെ ഇന്ത്യൻ അധിനിവേശങ്ങൾക്കു ശേഷമാണു പല വൈദേശിക ചരിത്രക്കാരും ഇന്ത്യയെ കുറിച്ചു രേഖപെടുത്താൻ തുടങ്ങിയതുപോലും.എന്നാൽ അതിനു മുമ്പു ഇവിടെയെന്തായിരുന്നു?ആരായിരുന്നു ഇവിടത്തെ ആധിമനിവാസികൾ?എന്തായിരുന്നു അവരുടെ സംസ്ക്കാരം?
      ഈ ചോദ്യങ്ങൾ എതാണ്ട്‌ ഒന്നര നൂറ്റാണ്ട്‌ മുമ്പു വരെ ചരിത്രക്കാരന്മാർക്കു ഒരു പ്രഹേളിക തന്നെയായിരുന്നു.നമ്മുടെ രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന പൂരാണകഥകളിലൂടെ മാത്രമായിരുന്നു അന്നു വരെയുള്ള ചരിത്രക്കാരന്മാർ പ്രാചീന ഇന്ത്യയെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ നടത്തിയിരുന്നതു.പൂർണ്ണമായും കാൽപ്പനികതയിലൂന്നി കൊണ്ടു കഥ പറഞ്ഞിരുന്ന നമ്മുടെ പുരാണങ്ങൾ അതേ കാരണത്താൽ തന്നെ ശക്തമായ ചരിത്ര നിഗമനങ്ങളിൽ എത്തിചേരുന്നതിൽ ചരിത്രക്കാരന്മാർക്കു വിഘാതമായി.
     എന്നാൽ ഈ അവസ്ഥയ്ക്‌ ഒരു മാറ്റം വന്നതു അപ്രതീക്ഷിതമായ ചില കണ്ടെത്തലുകളിലൂടെയായിരുന്നു!ബ്രിട്ടീഷ്‌ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സൈനികനായിരുന്ന ചാൾസ്‌ മാഷനാണു നമ്മുടെ പുരാതന സംസ്കാരത്തിലേക്കു വെളിച്ചം വീശുന്ന സൂചനകൾ ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ചതു.അഫ്ഗാനിസ്ഥാൻ ബലുചിസ്ഥാൻ പഞ്ചാബ്‌ എന്നിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിനു, അവിടങ്ങളിൽ അധിവസിച്ചിരുന്ന പ്രാദേശിക നിവാസികളിൽ നിന്നായിരുന്നു അത്തരം സൂചനകൾ ലഭിച്ചതു.പിന്നീട്‌ പതിനാലു വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ്‌ എഞ്ചിനിയർമാരായ ജോണും, വില്ല്യം ബ്രുണ്ടനും നടത്തിയ ചില നിരീക്ഷണങ്ങൾ എത്തിചേർന്നതു വിപ്ലവാത്മകമായ കണ്ടെത്തലിലേക്കാണു.1856ൽ ലാഹോർ കറാച്ചി റയിവേപാതയുടെ ചുമതലയുമായി വന്നതായിരുന്നു ജോൺ.പാതയുടെ ജോലി നടത്തിപ്പുക്കാരായ ചില പ്രാദേശിക കോണ്ട്രാറ്റർമാർ ഉപയോഗിച്ചിരുന്ന പ്രത്യേകതരം ഇഷ്ടികകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു.സാധാരണ നിലവിൽ ലഭിച്ചിരുന്ന ഇഷ്ടികൾക്കു വിഭിന്നമായി അൽപ്പം നീളം കൂടുതലായിരുന്നു അവയ്ക്ക്‌.അവയുടെ ഉറവിടം അന്വഷിച്ചു പോയ അദ്ദേഹത്തിനു, അത്തരം ഇഷ്ടികൾ ലഭിക്കുന്നതു ആ ദേശത്തു മുമ്പു നിലവിലുണ്ടായിരുന്ന ഒരു പുരാതന ഗ്രാമവശിഷ്ടങ്ങളിൽ നിന്നാണെന്നു മനസ്സിലാക്കി.വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഇഷ്ടികയുടെ ഒരു പ്രതിരൂപം ആർക്കിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയ്കു(ബ്രിട്ടീഷ്‌ ഇന്ത്യ)അയച്ചു കൊടുത്തു.
      ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ അന്നത്തെ ജനറലായിരുന്ന അലക്സാണ്ടർ കുണിംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഞെട്ടിക്കുന്നതായിരുന്നു.പ്രതിരൂപമായി അയക്കപ്പെട്ട ഇഷ്ടികയുടെ കാലപഴക്ക പരിശോധനയിൽ അതിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്നു കണ്ടെത്തി.അധികം വൈകാതെ തന്നെ കുണിംഗത്തിന്റെ നേതൃത്വത്തിൽ ആ പ്രദേശങ്ങളിൽ സന്ദർശ്ശനം നടത്തുകയും ഉൽഖനനം നടത്തുവാൻ ആരംഭിക്കുകയും ചേയ്തു.വർഷങ്ങൾ നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഗവേഷണഫലമായി അവിടെ നിന്നും ആദ്യ പ്രാചീന മുദ്ര ലഭിക്കുകയുണ്ടായി.
     പിന്നീടു കാര്യമായ കണ്ടെത്തുലകൾ നടന്നതു 1912 ശേഷമാണു.സർ ജോൺ ജേ ഫ്ലീറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഉൽഖനനങ്ങളിൽ കുറെയേറെ പ്രാചീന മുദ്രകൾ കൂടി ലഭിച്ചു.അദ്ദേഹത്തിന്റെ പഠനങ്ങളുടെ ചുവടുപിടിച്ചു സർ ജോൺ ഹുബർട്ട്‌ മാർഷലിന്റെ നേതൃത്വത്തിൽ 1921-22 കാലഘട്ടത്തിൽ നടത്തിയ ഉൽഖനനങ്ങളിൽ പ്രാചീന ഇന്ത്യൻ ചരിത്ര പഠനത്തിൽ നാഴികകല്ലായി മാറിയ കണ്ടെത്തെലുകളാണുണ്ടായത്‌.ഇന്നത്തെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പയെന്ന ഗ്രാമത്തിന്റെ സമീപം സഹസ്രാബ്ദങ്ങൾക്കു മുമ്പു മണ്മറഞ്ഞുപോയ ഒരു പുരാതന നഗരം തന്നെ പുറത്തുവന്നു!!!
     പിന്നീട്‌ ഇങ്ങൊട്ടു നടന്ന ഉൽഖനനങ്ങളിൽ നിന്നും ആയിരത്തിലധികം പുരാതന നഗരങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌.മോഹൻ ജൊദാരോ,ലോതൽ,കാലിഭഗൻ,രാഖിഗ്രാഹി,ഗനേറിവാല,റൂപർ,ധൊളവീര എന്നിവ അവയിൽ പ്രധാനപെട്ടവയാണു.ഇന്ത്യ വിഭജനത്തിനു ശേഷം ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത്‌ ഇന്നത്തെ പാകിസ്ഥാനിലാണു.ഈ പുരാതന നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ എത്തിക്കുന്നതു അവിശ്വസനീയമായ യാഥാർത്ത്യങ്ങളിലേക്കാണു.പുരാണങ്ങളിലെപല കാൽപ്പനികത നിറഞ്ഞ കെട്ടുകഥകളെ വെല്ലുന്നതാണു ഈ നഗരങ്ങൾ നമ്മളോടു വിളിച്ചു പറയുന്ന ചരിത്ര യാഥാർത്ത്യങ്ങൾ.ലോക ചരിത്രങ്ങളടക്കം വിശദമായി പഠിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ പക്ഷെ നമ്മുടെ പ്രാചീന ചരിത്രം അധികം സ്പർശ്ശിക്കാതെ പോകുന്നതു തീർത്തും നിർഭാഗ്യകരമാണു.സായിപ്പെഴുതിയ ഇന്ത്യൻ ചരിത്രം വിശ്വസിക്കരുതെന്നു പ്രചരിപ്പിക്കുന്ന വിഭാഗമാണു നമ്മുടെ നാട്ടിൽ കൂടുതലുമെന്നതു ദുഖകരമാണു.പ്രാചീന ഇന്ത്യൻ ചരിത്ര പഠനം ഈ നിലയിലാരംഭിച്ചതു ബ്രിട്ടീഷുക്കാരാണെങ്കിലും, പിൽകാലാത്തു അതിലെ പല വിപ്ലവാത്മകമായ കണ്ടെത്തുലകൾ നടത്തിയതും, ഇപ്പൊഴും നടത്തികൊണ്ടിരിക്കുന്നതും കൂടുതലും സ്വദേശികൾ തന്നെയാണു.
     നമ്മുടെ നാടിന്റെ യഥാർത്ത ചരിത്രം മനസ്സിലാക്കേണ്ടതു നാം ഓരൊരുത്തരുടെയും കടമയാണു, അവകാശമാണു.ഈ താളിന്റെ ആത്യന്തികമായ ലക്‌ഷ്യവും അതു തന്നെയാകുന്നു.മതാചരങ്ങളുടെ പേരിൽ നമ്മുടെ രാജ്യത്തു ഇന്നും നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെ ആളുകളുടെ മനസ്സിൽ ചരിത്രത്തിന്റെ പിന്മലത്തോടു കൂടിയൊരു വെളിച്ചം വീശലാകും ഇതിലെ ലേഖനങ്ങൾ.ഈ വിഷയങ്ങളിലുള്ള ആരോഗ്യകരമായ സംവാധനങ്ങൾക്കുള്ള വേദി കൂടിയാകും ഇവിടം...
അടുത്ത ലേഖനം - മണ്മറഞ്ഞ മഹാനഗരങ്ങൾ ഉയർത്തെഴുനേൽക്കുന്നു