Sunday, May 17, 2015

ഇന്ത്യൻ ചരിത്ര പഠനങ്ങളിലെ വഴിത്തിരിവ്‌

     ഒന്നര നൂറ്റാണ്ടു മുമ്പു വരെ പ്രാചീന ഇന്ത്യയുടെ ചരിത്രം ലോകത്തിനു അജ്ഞാതമായിരുന്നു.ബുദ്ധമതം സ്ഥാപിക്കപെട്ടതിനു ശേഷമുള്ള ചരിത്രങ്ങൾ മാത്രമായിരുന്നു ഇന്ത്യയെ കുറിച്ചു വ്യക്തതയോടെ അന്നു വരെ ലോകത്തിനു മുന്നിലുണ്ടായിരുന്നതു.അലക്സാണ്ടർ ചക്രവർത്തിയുടെ ഇന്ത്യൻ അധിനിവേശങ്ങൾക്കു ശേഷമാണു പല വൈദേശിക ചരിത്രക്കാരും ഇന്ത്യയെ കുറിച്ചു രേഖപെടുത്താൻ തുടങ്ങിയതുപോലും.എന്നാൽ അതിനു മുമ്പു ഇവിടെയെന്തായിരുന്നു?ആരായിരുന്നു ഇവിടത്തെ ആധിമനിവാസികൾ?എന്തായിരുന്നു അവരുടെ സംസ്ക്കാരം?
      ഈ ചോദ്യങ്ങൾ എതാണ്ട്‌ ഒന്നര നൂറ്റാണ്ട്‌ മുമ്പു വരെ ചരിത്രക്കാരന്മാർക്കു ഒരു പ്രഹേളിക തന്നെയായിരുന്നു.നമ്മുടെ രാജ്യത്തു പ്രചാരത്തിലുണ്ടായിരുന്ന പൂരാണകഥകളിലൂടെ മാത്രമായിരുന്നു അന്നു വരെയുള്ള ചരിത്രക്കാരന്മാർ പ്രാചീന ഇന്ത്യയെ കുറിച്ചുള്ള വ്യാഖ്യാനങ്ങൾ നടത്തിയിരുന്നതു.പൂർണ്ണമായും കാൽപ്പനികതയിലൂന്നി കൊണ്ടു കഥ പറഞ്ഞിരുന്ന നമ്മുടെ പുരാണങ്ങൾ അതേ കാരണത്താൽ തന്നെ ശക്തമായ ചരിത്ര നിഗമനങ്ങളിൽ എത്തിചേരുന്നതിൽ ചരിത്രക്കാരന്മാർക്കു വിഘാതമായി.
     എന്നാൽ ഈ അവസ്ഥയ്ക്‌ ഒരു മാറ്റം വന്നതു അപ്രതീക്ഷിതമായ ചില കണ്ടെത്തലുകളിലൂടെയായിരുന്നു!ബ്രിട്ടീഷ്‌ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ സൈനികനായിരുന്ന ചാൾസ്‌ മാഷനാണു നമ്മുടെ പുരാതന സംസ്കാരത്തിലേക്കു വെളിച്ചം വീശുന്ന സൂചനകൾ ആദ്യമായി ലോകത്തിനു മുന്നിലെത്തിച്ചതു.അഫ്ഗാനിസ്ഥാൻ ബലുചിസ്ഥാൻ പഞ്ചാബ്‌ എന്നിടങ്ങളിൽ സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹത്തിനു, അവിടങ്ങളിൽ അധിവസിച്ചിരുന്ന പ്രാദേശിക നിവാസികളിൽ നിന്നായിരുന്നു അത്തരം സൂചനകൾ ലഭിച്ചതു.പിന്നീട്‌ പതിനാലു വർഷങ്ങൾക്കു ശേഷം ബ്രിട്ടീഷ്‌ എഞ്ചിനിയർമാരായ ജോണും, വില്ല്യം ബ്രുണ്ടനും നടത്തിയ ചില നിരീക്ഷണങ്ങൾ എത്തിചേർന്നതു വിപ്ലവാത്മകമായ കണ്ടെത്തലിലേക്കാണു.1856ൽ ലാഹോർ കറാച്ചി റയിവേപാതയുടെ ചുമതലയുമായി വന്നതായിരുന്നു ജോൺ.പാതയുടെ ജോലി നടത്തിപ്പുക്കാരായ ചില പ്രാദേശിക കോണ്ട്രാറ്റർമാർ ഉപയോഗിച്ചിരുന്ന പ്രത്യേകതരം ഇഷ്ടികകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു.സാധാരണ നിലവിൽ ലഭിച്ചിരുന്ന ഇഷ്ടികൾക്കു വിഭിന്നമായി അൽപ്പം നീളം കൂടുതലായിരുന്നു അവയ്ക്ക്‌.അവയുടെ ഉറവിടം അന്വഷിച്ചു പോയ അദ്ദേഹത്തിനു, അത്തരം ഇഷ്ടികൾ ലഭിക്കുന്നതു ആ ദേശത്തു മുമ്പു നിലവിലുണ്ടായിരുന്ന ഒരു പുരാതന ഗ്രാമവശിഷ്ടങ്ങളിൽ നിന്നാണെന്നു മനസ്സിലാക്കി.വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം ഇഷ്ടികയുടെ ഒരു പ്രതിരൂപം ആർക്കിയോളജിക്കൽ സർവേ ഒഫ്‌ ഇന്ത്യയ്കു(ബ്രിട്ടീഷ്‌ ഇന്ത്യ)അയച്ചു കൊടുത്തു.
      ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ അന്നത്തെ ജനറലായിരുന്ന അലക്സാണ്ടർ കുണിംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധന ഞെട്ടിക്കുന്നതായിരുന്നു.പ്രതിരൂപമായി അയക്കപ്പെട്ട ഇഷ്ടികയുടെ കാലപഴക്ക പരിശോധനയിൽ അതിനു സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെന്നു കണ്ടെത്തി.അധികം വൈകാതെ തന്നെ കുണിംഗത്തിന്റെ നേതൃത്വത്തിൽ ആ പ്രദേശങ്ങളിൽ സന്ദർശ്ശനം നടത്തുകയും ഉൽഖനനം നടത്തുവാൻ ആരംഭിക്കുകയും ചേയ്തു.വർഷങ്ങൾ നീണ്ടു നിന്ന അദ്ദേഹത്തിന്റെ ഗവേഷണഫലമായി അവിടെ നിന്നും ആദ്യ പ്രാചീന മുദ്ര ലഭിക്കുകയുണ്ടായി.
     പിന്നീടു കാര്യമായ കണ്ടെത്തുലകൾ നടന്നതു 1912 ശേഷമാണു.സർ ജോൺ ജേ ഫ്ലീറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ഉൽഖനനങ്ങളിൽ കുറെയേറെ പ്രാചീന മുദ്രകൾ കൂടി ലഭിച്ചു.അദ്ദേഹത്തിന്റെ പഠനങ്ങളുടെ ചുവടുപിടിച്ചു സർ ജോൺ ഹുബർട്ട്‌ മാർഷലിന്റെ നേതൃത്വത്തിൽ 1921-22 കാലഘട്ടത്തിൽ നടത്തിയ ഉൽഖനനങ്ങളിൽ പ്രാചീന ഇന്ത്യൻ ചരിത്ര പഠനത്തിൽ നാഴികകല്ലായി മാറിയ കണ്ടെത്തെലുകളാണുണ്ടായത്‌.ഇന്നത്തെ പാകിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന ഹാരപ്പയെന്ന ഗ്രാമത്തിന്റെ സമീപം സഹസ്രാബ്ദങ്ങൾക്കു മുമ്പു മണ്മറഞ്ഞുപോയ ഒരു പുരാതന നഗരം തന്നെ പുറത്തുവന്നു!!!
     പിന്നീട്‌ ഇങ്ങൊട്ടു നടന്ന ഉൽഖനനങ്ങളിൽ നിന്നും ആയിരത്തിലധികം പുരാതന നഗരങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌.മോഹൻ ജൊദാരോ,ലോതൽ,കാലിഭഗൻ,രാഖിഗ്രാഹി,ഗനേറിവാല,റൂപർ,ധൊളവീര എന്നിവ അവയിൽ പ്രധാനപെട്ടവയാണു.ഇന്ത്യ വിഭജനത്തിനു ശേഷം ഇവയിൽ പലതും സ്ഥിതി ചെയ്യുന്നത്‌ ഇന്നത്തെ പാകിസ്ഥാനിലാണു.ഈ പുരാതന നഗരങ്ങളിൽ നടത്തിയ പഠനങ്ങൾ എത്തിക്കുന്നതു അവിശ്വസനീയമായ യാഥാർത്ത്യങ്ങളിലേക്കാണു.പുരാണങ്ങളിലെപല കാൽപ്പനികത നിറഞ്ഞ കെട്ടുകഥകളെ വെല്ലുന്നതാണു ഈ നഗരങ്ങൾ നമ്മളോടു വിളിച്ചു പറയുന്ന ചരിത്ര യാഥാർത്ത്യങ്ങൾ.ലോക ചരിത്രങ്ങളടക്കം വിശദമായി പഠിപ്പിക്കുന്ന നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങൾ പക്ഷെ നമ്മുടെ പ്രാചീന ചരിത്രം അധികം സ്പർശ്ശിക്കാതെ പോകുന്നതു തീർത്തും നിർഭാഗ്യകരമാണു.സായിപ്പെഴുതിയ ഇന്ത്യൻ ചരിത്രം വിശ്വസിക്കരുതെന്നു പ്രചരിപ്പിക്കുന്ന വിഭാഗമാണു നമ്മുടെ നാട്ടിൽ കൂടുതലുമെന്നതു ദുഖകരമാണു.പ്രാചീന ഇന്ത്യൻ ചരിത്ര പഠനം ഈ നിലയിലാരംഭിച്ചതു ബ്രിട്ടീഷുക്കാരാണെങ്കിലും, പിൽകാലാത്തു അതിലെ പല വിപ്ലവാത്മകമായ കണ്ടെത്തുലകൾ നടത്തിയതും, ഇപ്പൊഴും നടത്തികൊണ്ടിരിക്കുന്നതും കൂടുതലും സ്വദേശികൾ തന്നെയാണു.
     നമ്മുടെ നാടിന്റെ യഥാർത്ത ചരിത്രം മനസ്സിലാക്കേണ്ടതു നാം ഓരൊരുത്തരുടെയും കടമയാണു, അവകാശമാണു.ഈ താളിന്റെ ആത്യന്തികമായ ലക്‌ഷ്യവും അതു തന്നെയാകുന്നു.മതാചരങ്ങളുടെ പേരിൽ നമ്മുടെ രാജ്യത്തു ഇന്നും നിലനിൽക്കുന്ന അനാചാരങ്ങൾക്കെതിരെ ആളുകളുടെ മനസ്സിൽ ചരിത്രത്തിന്റെ പിന്മലത്തോടു കൂടിയൊരു വെളിച്ചം വീശലാകും ഇതിലെ ലേഖനങ്ങൾ.ഈ വിഷയങ്ങളിലുള്ള ആരോഗ്യകരമായ സംവാധനങ്ങൾക്കുള്ള വേദി കൂടിയാകും ഇവിടം...
അടുത്ത ലേഖനം - മണ്മറഞ്ഞ മഹാനഗരങ്ങൾ ഉയർത്തെഴുനേൽക്കുന്നു

No comments:

Post a Comment